2011, മാർച്ച് 10, വ്യാഴാഴ്‌ച

പൊട്ടിച്ചൂട്ട്

സൂറുംകുറ്റി കത്തിച്ച്
വീട്ടിലേക്ക് നടക്കവേ
കാളപൂട്ടുകണ്ടത്തിന്റെ വരമ്പത്തു വെച്ച്
മുത്തശ്ശനെ പണ്ടൊരിക്കല്‍
പൊട്ടി തിരിച്ചിരുന്നു..........

നടന്നിട്ടും നടന്നിട്ടും
ദൂരെക്കണ്ട
റാന്തല്‍ കാഴ്ചക്കരികില്‍
എത്താനാവാതെ
മുത്തശ്ശന്‍
വരമ്പായ വരമ്പൊക്കെ
ചവിട്ടി തീര്‍ത്തു.........

കട്ടപാടത്തെ മണ്ണട്ടകള്‍
കളിയാക്കി കരഞ്ഞപ്പോള്‍
കറ്റക്കുറ്റികള്‍ ചവിട്ടിച്ചതച്ച്
മുത്തശ്ശനരിശം തീര്‍ത്തു

എങ്ങനെ നടന്നാലും
എങ്ങോട്ട് നടന്നാലും
കാളപൂട്ട് കണ്ടത്തിന്റെ
ചിറവരമ്പ്
മുത്തശ്ശനഭയം നല്‍കി വന്നു

ഒടുവില്‍
മണ്ണെണ്ണ തീര്‍ന്ന്
സൂറും കുറ്റികെട്ട്
വരമ്പത്ത് കുന്തിച്ചിരുന്ന
മുത്തശ്ശനെ,
ആരോ
കൈ പിടിച്ച്
വീട്ടിലെത്തിച്ചു.............

വരമ്പത്ത് വരച്ചവട്ടത്തിനുള്ളില്‍
കുത്തിനിര്‍ത്തിയ
ഉളിക്കത്തിയെടുക്കാന്‍
മുത്തശ്ശന്‍
മറന്നു പോയിരുന്നു......

4 അഭിപ്രായങ്ങൾ:

  1. ചില പൈതൃകസ്മരണകള്‍..അത് വളരെയധികം ഹൃദ്യമാക്കി.

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ടപ്പെട്ടു....പിന്നെ സൂറും കുട്ടി എന്നുവെച്ചാലെന്താ?

    മറുപടിഇല്ലാതാക്കൂ
  3. പ്രാദേശിക ഭാഷയിലുള്ള വാക്കുകളെ പരിചയപ്പെടുത്തുക കൂടി വേണമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. പൊട്ടിച്ചൂട്ട്.
    സത്യത്തിൽ അങ്ങനെയൊന്നുണ്ടോ...

    മറുപടിഇല്ലാതാക്കൂ